കള്ളുകുടിയന്മാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ; മദ്യത്തിനുമേൽ 20% പശുക്ഷേമ സെസ്സ് ചുമത്തി രാജ്യത്തെ ഈ സംസ്ഥാനം; ബിൽ സഹിതം പങ്കുവെച്ച് യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു: വിശദാംശങ്ങൾ വായിക്കാം

പല തരത്തിലുള്ള ടാക്‌സുകളും സെസ്സും അടച്ചിട്ടുണ്ടെങ്കിലും ആദ്യമായി പശുവിന്റെ പേരില്‍ ഒരു സെസ്സ് അടച്ചതിന്റെ ഞെട്ടലില്‍ രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നു.മദ്യം വാങ്ങിച്ചപ്പോള്‍ 20 ശതമാനം കൗ സെസ് കൂടി തനിക്ക് അടയ്‌ക്കേണ്ടി വന്നെന്ന് ബില്ലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച്‌ യുവാവിട്ട പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. 2650 രൂപയുട മദ്യം വാങ്ങിയ യുവാവ് ജിഎസ്ടി, വാറ്റ്, ഇതിനുപുറമേ 20 ശതമാനം കൗ സെസ് എന്നിവ ചേര്‍ത്ത് ആകെ 3262 രൂപ നല്‍കേണ്ടി വന്നെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ബില്‍. (20% Cow Cess On Liquor? Rajasthan Bar Bill Goes Viral)

മദ്യത്തിന് കൗ സെസ്സ് ഏര്‍പ്പെടുത്തുന്നതിന്റെ യുക്തി തേടുകയാണ് കമന്റ് ബോക്‌സില്‍ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. എന്നാല്‍ കൗ സെസ് 2018 മുതല്‍ തന്നെ മദ്യത്തിന്റെ വിലയ്‌ക്കൊപ്പം വാങ്ങിത്തുടങ്ങിയതാണെന്ന് സര്‍ക്കാരും ബാര്‍ അധികൃതരും വിശദീകരിച്ചു.

കൗ സെസ് വന്നതിങ്ങനെ:

2018 ജൂണ്‍ 22-ന് അന്നത്തെ വസുന്ധര രാജെ സര്‍ക്കാരാണ് ഇത്തരമൊരു സെസ് കൊണ്ടുവന്നത്. വിദേശ മദ്യം, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, നാടന്‍ മദ്യം, ബിയര്‍ എന്നിവയ്ക്ക് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ലഭിക്കുന്ന തുക പശു സംരക്ഷണത്തിനായുള്ള സര്‍ക്കാര്‍ ഫണ്ടിലേക്ക് നിക്ഷേപിക്കാനും അന്ന് തീരുമാനിച്ചു. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരും ഇത് തുടരുകയായിരുന്നു.

രാജസ്ഥാന്‍ സര്‍ക്കാര്‍ പശുക്കള്‍ക്കുള്ള ഗ്രാന്റുകളും സബ്സിഡികളുമായി 2000 കോടിയിലധികം രൂപയാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നത്. ഇതില്‍ 600 കോടി രൂപ ഗോശാലകളുടേയും ഷെല്‍ട്ടറുകളുടേയും വികസനത്തിനാണ്. ഈ തുക പൂര്‍ണമായും കൗ സെസ്സിലൂടെയല്ല കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *