നെടുമങ്ങാടിനടുത്തുള്ള സ്വകാര്യ എന്‍ജിനിയറിങ് കോളേജ് പൂട്ടാന്‍ തയ്യാറെടുക്കുന്നതിനിടെ, ഇതിനെതിരേ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പരസ്യമായി പ്രതിഷേധിച്ചത് ഈയിടെയാണ്.സെമസ്റ്റര്‍ നഷ്ടമാകാതെ തുടര്‍പഠനത്തിന് സൗകര്യമൊരുക്കാമെന്ന് കോളേജധികൃതര്‍ പറഞ്ഞുവെങ്കിലും കോളേജ് ഉന്നതര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കണമെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് പോലീസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോളേജ് ചെയര്‍മാനുമായി ഇക്കാര്യം സംസാരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.
മുകളില്‍പ്പറഞ്ഞത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തെ പല എന്‍ജിനിയറിങ് കോളേജുകളും ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. മുന്‍പ് സ്വാശ്രയ കോളേജുകള്‍ അനുവദിച്ചപ്പോള്‍ നിരവധി വ്യക്തികളും സംഘടനകളും ട്രസ്റ്റുകളും വന്‍തോതില്‍ പണം മുടക്കിയാണ് കോളേജുകള്‍ തുടങ്ങിയത്.
എന്‍ജിനിയറിങ് പഠനത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്ന അക്കാലത്ത് ആയിരക്കണക്കിന് പേരാണ് പഠിച്ചിറങ്ങിയത്. ഈ കാലഘട്ടം കഴിഞ്ഞതോടെ ഇത്തരം കോളേജുകളുടെ കഷ്ടകാലവും തുടങ്ങി. ഗ്രാമീണമേഖലകളിലടക്കം ഭൂമി വാങ്ങിയാണ് മിക്കവരും സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. നിരവധിപ്പേര്‍ക്ക് ഇതുവഴി ജോലിയും കിട്ടി.
പ്രതിസന്ധി വ്യാപിച്ചതോടെ കോളേജ് ഉടമകളെ മാത്രമല്ല ജീവനക്കാരെയടക്കമാണ് ഇത് ബാധിച്ചത്. കുറച്ചുമാസം മുന്‍പാണ് കരകുളത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ ഉടമ കോളേജ് വളപ്പില്‍ ആത്മഹത്യചെയ്തത്. എന്‍ജിനിയറിങ്ങിന് വിദ്യാര്‍ഥികള്‍ കുറഞ്ഞപ്പോള്‍ അതേ കാമ്ബസില്ത്തന്നെ പോളിടെക്നിക് കോളേജ് തുടങ്ങി പരിഹാരം കണ്ടെത്തിയ ഒന്നിലേറെ സ്ഥാപനങ്ങള്‍ ജില്ലയിലുണ്ട്.
പ്രവേശനരീതിയില്‍ മാറ്റം
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി എന്‍ജിനിയറിങ് പഠനത്തോടുള്ള ഇഷ്ടം കുറഞ്ഞുവരുന്ന പ്രവണതയുണ്ടെങ്കിലും ഈ വര്‍ഷം 2024-25 നേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനംനേടിയത് ഈ രംഗത്ത് ആശ്വാസം പകരുന്നുണ്ട്. സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന കോളേജുകള്‍, പൊതുമേഖല, മറ്റ് സര്‍ക്കാര്‍നിയന്ത്രിത സ്ഥാപനങ്ങള്‍ നടത്തുന്നവ, സ്വാശ്രയം എന്നീ വിഭാഗങ്ങളിലാണ് കോളേജുകളുള്ളത്. രാജ്യത്ത് കൂടുതല്‍ ഐഐടികള്‍ വന്നതോടെ ഇവിടേക്കു പ്രവേശനം ലഭിക്കുന്നവരുടെ എണ്ണം കൂടി. ഇത് എന്‍ഐടികള്‍, സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണത്തെ ബാധിച്ചു.
മാത്രമല്ല മുന്‍നിര കോളേജുകളില്‍ എത്തുന്ന കുട്ടികളുടെ നിലവാരവും കുറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച കോളേജായി കണക്കാക്കുന്ന സ്ഥാപനത്തില്‍ സാധാരണഗതിയില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 3000 റാങ്ക് വരെ നേടുന്ന കുട്ടികള്‍ക്കായിരുന്നു ഒരുകാലത്ത് പ്രവേശനം ലഭിച്ചിരുന്നത്. എന്നാലിന്നിത് 8000 വരെയാണ്. താഴെത്തട്ടിലുള്ള സ്വാശ്രയ കോളേജുകളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്.
എഐ സ്വാധീനം റിക്രൂട്ട്മെന്റുകളിലും
കാമ്ബസ് റിക്രൂട്ട്മെന്റില്‍ വന്ന ചില മാറ്റങ്ങളും എന്‍ജിനിയറിങ് പഠിക്കാനെത്തുന്നവരുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ടെന്ന് പ്രമുഖ എന്‍ജിനിയറിങ് കോളേജിലെ അധ്യാപകന് പറഞ്ഞു. കംപ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചില്‍ മാത്രമാണ് കൂടുതല്‍ കാമ്ബസ് റിക്രൂട്ട്മെന്റുകള്‍ ഇപ്പോള്‍ നടക്കുന്നത്.
എഐ യുടെ സ്വാധീനം തൊഴിലവസരങ്ങളിലും കാണാനുണ്ട്. തുടക്കക്കാര്‍ ചെയ്തിരുന്ന ജോലികള്‍ എഐ കവര്‍ന്നിട്ടുണ്ട്. ഇത് കാമ്ബസ് റിക്രൂട്ട്മെന്റുകളെ ബാധിച്ചു. ബിടെക് മാത്രമല്ല എംടെക് കോഴ്സുകളുടെ കാര്യം ഇതിലും കഷ്ടമാണെന്നും ഇദ്ദേഹം പറഞ്ഞു.
പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സ്വാശ്രയ കോളേജുകളെത്തന്നെയാണ്. ജില്ലയിലെ ഒരു കോളേജില്‍ 60 സീറ്റുകളുള്ള മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബ്രാഞ്ചില്‍ കഴിഞ്ഞ വര്‍ഷം 10 കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. കുട്ടികള്‍ കുറയുന്നത് കോളേജുകളുടെ വരുമാനത്തെയും അധ്യാപകരുടെ ശമ്ബളവിതരണകത്തെയും ബാധിക്കുന്നു. 15000 രൂപ ശമ്ബളത്തിലാണ് പിഎച്ച്ഡി യോഗ്യതയുള്ള അധ്യാപകര്‍ ചില കോളേജുകളില്‍ ജോലിചെയ്യുന്നത്. ജില്ലയില്‍ അഞ്ചിലേറെ കോളേജുകള്‍ രൂക്ഷ പ്രതിസന്ധി നേരിടുന്നണ്ട്.
പ്രതീക്ഷയോടെ മാനേജ്മെന്റുകള്‍
ഇതിനിടിയിലും ചില സ്വാശ്രയ കോളേജുകള്‍ക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. കാലത്തിനനുസരിച്ചുള്ള ആധുനിക കോഴ്സുകള്‍ നടപ്പാക്കിയും അതിനനുസരിച്ചുള്ള ലാബ് ഉള്‍പ്പെടെ ഒരുക്കിയുമാണ് ഇത് സാധ്യമാക്കുന്നത്. മികച്ച വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്കുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പ്രവേശനം നേടിയ കണക്കുകള്‍ സുവര്ണപാതയിലേക്കു തിരിച്ചുവരാന്‍ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയാണ് ഈ മാനേജ്മെന്റുകള്‍ക്കുള്ളത്. അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കാനും തയ്യാറാണെന്ന് ഇവര്‍ പറയുന്നു.
