ഡല്‍ഹി സ്‌ഫോടനത്തില്‍ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് നേരിട്ടു ബന്ധമെന്ന സംശയം ബലപ്പെടുന്നു.ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ നടത്താൻ ഡോക്‌ടർമാർ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കി ‘വൈറ്റ് കോളർ മൊഡ്യൂള്‍’ രൂപീകരിച്ചതില്‍ പാകിസ്ഥാൻ സ്വദേശിയായ ഫൈസല്‍ ഇക്ബാല്‍ എന്നയാള്‍ക്ക് നിർണായക പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികള്‍ക്ക് വിവരം ലഭിച്ചു.
ഇയാള്‍ ഐ.എസ്.ഐ ഏജന്റാണെന്നാണ് സംശയം. ഇന്ത്യയില്‍ 200ല്‍പ്പരം ഇടങ്ങളില്‍ സ്‌ഫോടനം നടത്താൻ ഇയാളെ പ്രത്യേകമായി നിയോഗിച്ചുവെന്നാണ് വിവരം. കേസില്‍ അറസ്റ്രിലായ ഡോക്‌ടർമാരുടെ അടക്കം ആപ്പുകളിലൂടെയുള്ള ചാറ്റുകള്‍ വിശദമായി അന്വേഷണസംഘം പരിശോധിക്കുകയാണ്.
അതേസമയം, ചെങ്കോട്ടയ്‌ക്കു സമീപം പൊട്ടിച്ചിതറിയ ഡോ. ഉമർ നബി അടക്കം ഡോക്‌ടർമാർ 2020 മുതല്‍ ഭീകരരുടെ ബ്രെയിൻവാഷിംഗിന് വിധേയരായെന്നാണ് ഏജൻസികളുടെ നിഗമനം. ഫരീദാബാദ് അല്‍ ഫലാ യൂണിവേഴ്സിറ്രിയിലെ എം.ബി.ബി.എസ് പഠനത്തിനും, ഇന്റേണ്‍ഷിപ്പിനുമിടെയാണിത്. ന്യൂനപക്ഷ വംശഹത്യയെന്ന് ചിത്രീകരിക്കുന്ന തരത്തിലുള്ള എ.ഐ വീഡിയോകള്‍ കാണിച്ച് അവരില്‍ വിദ്വേഷം നിറച്ചു. ചാവേറായി മാറാൻ മാനസികമായി തയ്യാറാക്കിയെന്നും അന്വേഷണ ഏജൻസികള്‍ വിലയിരുത്തുന്നു.
അണ്ടർഗ്രൗണ്ട് മദ്രസ കേന്ദ്രീകരിച്ചും അന്വേഷണം
ഫരീദാബാദില്‍ ഭൂമിക്കടിയില്‍ നിർമ്മിക്കുന്ന മദ്രസ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഡല്‍ഹി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഗനിയേ മസ്‌ജിദ് നിർമ്മാണത്തിന് ഫണ്ട് നല്‍കിയെന്ന് ഏജൻസികള്‍ സംശയിക്കുന്നു. അല്‍ ഫലാ യൂണിവേഴ്സിറ്രിയുടെ രണ്ടു കിലോമീറ്രറിനകത്താണ് മസ്ജിദ്.
