തീവ്രവാദി ആക്രമണങ്ങളില്‍ സൈനികര്‍ക്ക് സുരക്ഷയൊരുക്കാൻ ടാറ്റ; ‘സര്‍വത്ര കവച’മൊരുക്കുന്നു: വിശദാംശങ്ങൾ വായിക്കാം

വെടിയുണ്ടയേറ്റുള്ള അപകടങ്ങളില്‍നിന്ന് സൈനികരെ രക്ഷിക്കാനുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വസ്ത്രം പുറത്തിറക്കി ടാറ്റ അഡ്വാസ്ഡ് സിസ്റ്റം ലിമിറ്റഡ് (ടിഎഎസ്‌എല്‍). വെടിയുണ്ടയേറ്റാല്‍ മരണകാരണമാകുന്ന മുറിവുകള്‍ക്ക് സാധ്യതയുള്ള ശരീരഭാഗങ്ങള്‍ ഏതാണ്ട് പൂർണമായും സംരക്ഷിക്കുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് സ്യൂട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘സർവത്ര കവച്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ബുള്ളറ്റ് പ്രൂഫ് സ്യൂട്ട് വെടിയുണ്ടകളില്‍നിന്ന് 360 ഡിഗ്രി സംരക്ഷണമാണ് വാഗ്ദാനം ചെയ്യുന്നത്.ഏത് കാലാവസ്ഥയിലും ധരിക്കാവുന്ന തരത്തിലുള്ള സ്യൂട്ടാണ് ഇത്. വളരെ പെട്ടെന്ന് ധരിക്കാനും അഴിച്ചുമാറ്റാനും സാധിക്കും. ഭാരം കുറവും എന്നാല്‍ സ്നൈപ്പർ ഗണ്ണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ നിന്നുവരെ സംരക്ഷണമൊരുക്കുകയും ചെയ്യും.

ഇന്ത്യ- പാകിസ്താൻ നിയന്ത്രണരേഖയിലാണ് കൂടുതലും സൈനികർക്ക് നേരെ സ്നൈപ്പർ ആക്രമണമുണ്ടാകുന്നത്. ആധുനിക യുദ്ധങ്ങള്‍ക്ക് സൗകര്യപ്രദമായ മോഡുലാർ ഡിസൈനാണ് സർവത്ര കവചിനുള്ളത്. ഇന്ത്യൻ സൈന്യത്തിന് പുറമെ സുഹൃദ് രാജ്യങ്ങള്‍ക്കും വില്‍ക്കാൻ ഉദ്ദേശിച്ചാണ് ഇതിനെ വികസിപ്പിച്ചത്.പുണെ മിലിട്ടറി എൻജിനീയറിങ് കോളേജില്‍നിന്നുള്ള മേജർ അനൂപ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് സർവത്ര കവച് വികസിപ്പിച്ചത്. 10 മീറ്റർ അടുത്തുനിന്നു എകെ -47 തോക്കില്‍നിന്നുള്ള ആക്രമണത്തില്‍ നിന്നുപോലും സൈനികർക്ക് ജീവഹാനിയുണ്ടാകാതിരിക്കാനുള്ള സംരക്ഷണം ഈ ബുള്ളറ്റ് പ്രൂഫ് സ്യൂട്ട് നല്‍കുമെന്നാണ് അവകാശവാദം.

സർവത്ര കവച് വികസിപ്പിക്കാൻ മേജർ അനൂപ് മിശ്ര സൈനിക ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെയും പാഠമാക്കിയിരുന്നു. ജമ്മു കശ്മീരില്‍ സൈനിക ഓപ്പറേഷനിടെ ഇദ്ദേഹത്തിന് സ്നൈപ്പർ ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സാധാരണ ലഭിക്കാറുള്ള ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ ഇത്തരത്തില്‍ സ്നൈപ്പർ ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം നല്‍കാറില്ല. അതിനാലാണ് കുറച്ചുകൂടി സമഗ്രമായൊരു സംരക്ഷണ കവചം വേണ്ടതിന്റെ ആവശ്യകത മേജർ അനൂപ് മിശ്ര വിലയിരുത്തിയത്.

കഴുത്ത് മുതല്‍ കാല്‍വണ്ണവരെയുള്ള ഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് സർവത്ര കവച്. കഴുത്ത്, നെഞ്ച്, വയർ, പുറംഭാഗം, അരക്കെട്ട്, നാഭി, തുട, കാല്‍ എന്നിങ്ങനെ വെടിയുണ്ടയേറ്റാല്‍ മാരകമായി മുറിവേല്‍ക്കാനും രക്തം വാർന്ന് ഗുരുതരമായേക്കാവുന്നതുമായ അപകടങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്ന തരത്തിലാണ് ബുള്ളറ്റ് പ്രൂഫ് സ്യൂട്ടിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എത്ര കടുത്ത കാലാവസ്ഥയിലും സുരക്ഷ ഉറപ്പുവരുത്തും.

സഞ്ചാരത്തിന് തടസമുണ്ടാകാത്ത തരത്തില്‍ മറ്റ് ആയുധങ്ങളും ഉപകരണങ്ങളും ഘടിപ്പിക്കാവുന്ന തരത്തിലുള്ള മോഡുലാർ ഡിസൈനിലാണ് ഇതിനെ വികസിപ്പിച്ചത്. ഭീകരവാദികളുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വരുന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ സൈനികർക്ക് ജീവഹാനിയുണ്ടാകുന്നത് ഒഴിവാക്കുക എന്നതാണ് സർവത്ര കവചിന്റെ ലക്ഷ്യം. നിലവില്‍ സൈന്യം ഇതിന്റെ ഫീല്‍ഡ് ട്രയല്‍ പൂർത്തിയാക്കിയിട്ടുണ്ട്. ഉടൻതന്നെ വ്യാവസായിക ഉത്പാദനത്തിനുള്ള ഓർഡർ ടിഎഎസ്‌എല്ലിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *