പരസ്യങ്ങൾക്ക് നോ എൻട്രി; സാധാരണക്കാരുടെ ഫാഷൻ ബ്രാൻഡ്: ടാറ്റ വസ്ത്ര വ്യാപാര ശൃംഖല സുഡിയോയുടെ വിജയ മന്ത്രങ്ങൾ വായിക്കാം

പരമ്ബരാഗത മാർക്കറ്റിംഗ് തന്ത്രങ്ങളെല്ലാം മാറ്റിമറിച്ച്‌ സാധാരണക്കാർക്കിടയില്‍ വിപ്ലവം തീർത്ത ബ്രാൻഡ്, കുറഞ്ഞവില, പരസ്യങ്ങളില്ല.തുടങ്ങി വിശേഷങ്ങള്‍ നിരവധിയാണ് ഈ ഫാഷൻ ബ്രാൻഡിന്. വലിയ പരസ്യ കാമ്ബെയ്‌നുകളോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ ഇല്ലാതെ തന്നെ, സാധാരണക്കാരന്റെ മനസ് കീഴടക്കിയ റീട്ടെയില്‍ ഭീമനാണ് സുഡിയോ. എന്നാല്‍ ഈ യാത്ര അത്ര എളുപ്പമായിരുന്നോ?, നേരിടേണ്ടി വന്ന വെല്ലുവിളികള്‍ എന്തെല്ലാം, വിജയത്തിലെത്താൻ ഉപയോഗിച്ച ആ സ്പെഷ്യല്‍ തന്ത്രം എന്തായിരുന്നു? പരിശോധിക്കാം.

സുഡിയോ പിറവി

ടാറ്റയുടെ ഫാഷൻ, ലൈഫ്‌സ്റ്റൈല്‍ റീട്ടെയില്‍ കമ്ബനിയായ ട്രെൻ്റിൻ്റെ കീഴിലുള്ള വസ്ത്രവ്യാപാര സ്റ്റോറാണ് വെസ്റ്റ്‌സൈഡ്. 1998ല്‍ പ്രീമിയം വസ്ത്രവ്യാപാര സ്ഥാപനമെന്ന നിലയില്‍ വെസ്റ്റ്‌സൈഡ് തുടങ്ങിയത്. ആദ്യ സ്റ്റോർ ബെംഗളൂരുവില്‍ ആയിരുന്നു. എന്നാല്‍ ഉയർന്ന വില കാരണം വളരെ ചുരുങ്ങിയ ഒരു ശതമാനം ജനവിഭാഗത്തിന്റെ മാത്രം സ്റ്റോറായി വെസ്റ്റ്‌സൈഡ് മാറി.

അതുകൊണ്ട് ഒരാളിലേക്ക് മാത്രം ചുരുങ്ങാതെ എല്ലാ വിഭാഗങ്ങർക്ക് വേണ്ടിയുള്ള സ്റ്റോർ, അതായിരുന്നു ടാറ്റായുടെ അടുത്ത പദ്ധതി. അതിന്റെ ഫലമായി 2016ല്‍ ‘സുഡിയോ’ സ്ഥാപിക്കപ്പെട്ടു. ബെംഗളൂരുവിലായിരുന്നു ആദ്യ സ്റ്റോർ.

സുഡിയോയുടെ വിജയ രഹസ്യം

കുറഞ്ഞ വിലയും ഫാസ്റ്റ് ഫാഷനുമാണ് സുഡിയോയുടെ വിജയത്തിന് പിന്നില്‍. ഓരോ 3-4 ആഴ്ചയിലും സ്റ്റോറുകളിലെ ഉല്‍പ്പന്നങ്ങളുടെ ഡിസൈനുകള്‍ മാറ്റുന്നു. സുഡിയോ വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഇൻ-ഹൗസ് ആയി രൂപകല്‍പ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ‘പ്രൈവറ്റ് ലേബല്‍’ ഉല്‍പ്പന്നങ്ങളാണ്. ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നതിലൂടെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുന്നു.

സുഡിയോയിലെ 85% ഉല്‍പ്പന്നങ്ങള്‍ക്കും 1,000 രൂപയില്‍ താഴെയാണ് വില. മിക്ക ഉല്‍പ്പന്നങ്ങളും 300 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിലാണ്. വില കുറവാണെങ്കിലും ഗുണനിലവാരം ഉറപ്പുവരുത്താൻ ബ്രാൻഡ് ശ്രദ്ധിക്കുന്നുണ്ട്.

സർവവും ഡിജിറ്റലായ ഈ കാലത്തും സുഡിയോ ഇ-കൊമേഴ്‌സിനായി ഒരു ആപ്പ് പോലും പുറത്തിറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പരസ്യങ്ങള്‍ നല്‍കാത്തതിനാല്‍, സുഡിയോയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കളിലൂടെയാണ് പ്രചരിക്കുന്നത്. ഗുണമേന്മയും കുറഞ്ഞ വിലയും കാരണം ഈ ‘വാമൊഴി പരസ്യം’ കൂടുതല്‍ ഫലപ്രദമാവുകയും പുതിയ ഉപഭോക്താക്കളെ സ്റ്റോറുകളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *