എസ്‌ഐആര്‍: 55,000 എന്യൂമറേഷൻ ഫോമുകള്‍ തിരികെ ശേഖരിക്കാനാകില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; കാരണങ്ങൾ ഇത്; വിശദമായി വായിക്കാം

സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയുടെ (എസ്‌ഐആർ) ഭാഗമായി വിതരണം ചെയ്തവയില്‍ 55,000 ഓളം എന്യൂമറേഷൻ ഫോമുകള്‍ തിരികെ ശേഖരിക്കാനാകാത്തവ എന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേല്‍ക്കർ.ഇതില്‍ 29,000 ഓളം പേർ മരണപ്പെട്ടവരും 4,500 ഓളം പേരെ കണ്ടെത്താനാകാത്തതും താമസ സ്ഥലം മാറിപ്പോയർ 20,000 ഓളം പേരുമാണ്. നിലവിലെ ലിസ്റ്റില്‍ തന്നെ ഇരട്ടിപ്പ് വന്നവർ 2,800ഓളം പേരുമുണ്ട്. ഇവരെ പട്ടികയില്‍ നിന്ന് അടിയന്തരമായി ഒഴിവാക്കേണ്ടിവരും.

ബൂത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വരുന്നവരെ സംബന്ധിച്ച്‌ ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് (ബിഎല്‍ഒ) കൃത്യമായ കണക്കുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം അനുസരിച്ച്‌ അംഗീകൃത പാർട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്‍റുമാർ ബൂത്ത് ഒഫിസർമാരുടെ പക്കലുള്ള കണക്ക് പരിശോധിക്കണം. ബിഎല്‍ഒമാരുമായി യോഗം ചേർന്ന് ഇത് സംബന്ധിച്ച്‌ ചർച്ച ചെയ്യണം. ഒഴിവാക്കേണ്ടവരുടെ അന്തിമ കണക്ക് ബൂത്ത് ലെവല്‍ ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു ശരിയാണെന്ന് ഉറപ്പുവരുത്തണം. ഇത് മിനിട്സില്‍ രേഖപ്പെടുത്തി അയക്കണമെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

എന്യുമറേഷൻ ഫോമുകള്‍ വിതരണം ചെയ്യാൻ പോകുമ്ബോള്‍ ചില സ്ഥലങ്ങളില്‍ ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചെന്ന വിവരം ലഭിച്ചു. ഇത്തരം സംഭവങ്ങളില്‍ കർശന നിയമ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരെ തടയുന്നവർക്കെതിരെ 10 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റം ചുമത്തും. സോഷ്യല്‍മീഡിയയിലുടെ വ്യാജപ്രചാരണവും അധിക്ഷേപവും നടത്തിയാലും നടപടിയെടുക്കും.

വീടുകളില്‍ ബിഎല്‍ഒമാർ എത്തുമ്ബോള്‍ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ പൊലീസ് ആവശ്യമായ സഹായം നല്‍കാൻ ജില്ലാ കലക്റ്റർമാർക്ക് നിർദേശം നല്‍കിയെന്നും ഖേല്‍ക്കർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *