അനുദിനം വർദ്ധിച്ച് ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ; ഇന്ത്യക്കാർ ആകുന്നത് എങ്ങനെ? വിശദമായി വായിച്ചറിയാം

രാജ്യത്തുടനീളം നിക്ഷേപ തട്ടിപ്പുകള്‍ പെരുകുകയാണ്. സൈബർ കുറ്റകൃത്യ യൂണിറ്റുകള്‍ റിപ്പോർട്ട് ചെയ്യുന്നത് കൂടുതല്‍ പേർ സങ്കീർണ്ണമായ ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നു എന്നാണ്.കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നടന്ന നിരവധി സംഭവങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കായി ദുരുപയോഗം ചെയ്യപ്പെടുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നു.

ഹൈദരാബാദില്‍ ഹനുമക്കൊണ്ടയിലെ പാർക്കലില്‍ നിന്നുള്ള രണ്ട് ഡോക്ടർമാർക്ക് 2.5 കോടിയിലധികം നഷ്ടമായത് അത്തരമൊരു തട്ടിപ്പിലൂടെയാണ്. പ്രൊഫഷണലെന്ന് തോന്നിപ്പിക്കുന്ന ഒരു സ്റ്റോക്ക് ട്രേഡിംഗ് ആപ്ലിക്കേഷനില്‍ നിക്ഷേപിക്കാനായി ഇവരോട് ആവശ്യപ്പെടുകയായിരുന്നു.സ്ഥിരമായ ലാഭം കാണിക്കുന്ന വ്യാജ ഡാഷ്‌ബോർഡുകള്‍ പ്രദർശിപ്പിച്ചാണ് ഇൻസ്റ്റാഗ്രാം പരസ്യങ്ങളിലൂടെയും വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിച്ച ഈ ആപ്ലിക്കേഷൻ ഇവരെ തട്ടിപ്പിനിരയാക്കിയത്.ഈ തുക പിൻവലിക്കാൻ ഡോക്ടർമാർ ശ്രമിച്ചപ്പോള്‍, പണം ലഭിക്കുന്നതിന് കൂടുതല്‍ പണം നിക്ഷേപിക്കണമെന്ന് പ്ലാറ്റ്ഫോം ആവശ്യപ്പെടുകയായിരുന്നു.

പണം നിക്ഷേപിച്ചതടെ ഒടുവില്‍ അക്കൌണ്ടുകള്‍ പൂർണമായും ലോക്ക് ചെയ്തു. തുടർന്ന് ഡോക്ടർമാർ സൈബർ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.സമാനമായൊരു തട്ടിപ്പ് പുണെയിലും റിപ്പോർട്ട് ചെയ്തു. ഹിഞ്ചെവാഡിയില്‍ നിന്നുള്ള 43 വയസ്സുകാരനായ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയരാണ് പറ്റിക്കപ്പെട്ടത്.

സോഷ്യല്‍ മീഡിയ വഴി ലഭിച്ച ലിങ്കിലൂടെ ഒരു വ്യാജ ട്രേഡിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനെ തുടർന്ന് ഏകദേശം 60 ലക്ഷം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ നിക്ഷേപം 12 കോടിയിലധികമായി വർദ്ധിച്ചുവെന്ന് കാണിച്ചായിരുന്നു തട്ടിപ്പ്.ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ തട്ടിപ്പുകാർ “നികുതി അടയ്ക്കാൻ” ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം പണം കൈമാറിയ ശേഷം തട്ടിപ്പുകാർ അപ്രത്യക്ഷരായി.

ഇതേ നഗരത്തില്‍ തന്നെയുള്ള മറ്റൊരു സംഭവത്തില്‍,ചിഖാലിയില്‍ നിന്നുള്ള ഒരു സ്ത്രീക്ക് എൻക്രിപ്റ്റഡ് മെസ്സേജിംഗ് ഗ്രൂപ്പുകള്‍ വഴി നടന്ന “ഒ.ടി.സി. ട്രേഡിംഗ്” തട്ടിപ്പില്‍ 55 ലക്ഷം നഷ്ടപ്പെട്ടു.ഗുജറാത്തില്‍ ഒരു ഡോക്ടറോട് ഓണ്‍ലൈൻ ട്രേഡിംഗ് വാഗ്ദാനം ചെയ്ത് 1.11 കോടി തട്ടിയെടുത്തയളെ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ പ്രതി പണം നിരവധി ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യുകയും അതില്‍ ഒരു ഭാഗം ക്രിപ്‌റ്റോകറൻസിയാക്കി മാറ്റുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.ഇതോടെ പണം തിരികെ പിടിക്കുന്നത് പ്രതിസന്ധിയായി.എന്നിരുന്നാലും സാമ്ബത്തിക രേഖകളും ആശയവിനിമയ വിവരങ്ങളും വിശകലനം ചെയ്തത് ഇയാളെ പോലീസ് കണ്ടെത്തി. ഇത്തരം സംഭവങ്ങളെല്ലാം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) നല്‍കിയ കണക്കുകള്‍ പ്രകാരം, വെറും ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലെ 30,000-ത്തിലധികം ആളുകള്‍ക്ക് നിക്ഷേപ തട്ടിപ്പുകളിലൂടെ 1,500 കോടിയിലധികം നഷ്ടപ്പെട്ടിട്ടുണ്ട്.ബെംഗളൂരു, ഡല്‍ഹി-എൻസിആർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങള്‍. ഇവ രാജ്യത്തെ ആകെ പരാതികളുടെ മൂന്നില്‍ രണ്ട് ഭാഗവും വരും.

എന്താണ് യഥാർത്ഥത്തില്‍ ഒരു നിക്ഷേപ തട്ടിപ്പ്?

സാമ്ബത്തിക വിദഗ്ധർ, വ്യാപാരികള്‍, അല്ലെങ്കില്‍ യഥാർത്ഥ കമ്ബനികളുടെ പ്രതിനിധികളായി ചമഞ്ഞ് വ്യക്തികളെ വ്യാജ പദ്ധതികളിലോ ഡിജിറ്റല്‍ ആസ്തികളിലോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലോ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നതാണ് സാധാരണയായി ഒരു നിക്ഷേപ തട്ടിപ്പ്.

വാട്ട്‌സ്‌ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍ ഉയർന്നതും ഉറപ്പുള്ളതുമായ വരുമാനം വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പുകള്‍ പലപ്പോഴും ആരംഭിക്കുന്നത്. സെലിബ്രിറ്റികളെ അവതരിപ്പിക്കുന്ന ഡീപ് ഫേക്ക് വീഡിയോകളും ഇന്ന് നിക്ഷേപകർക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇവ സർക്കാർ പദ്ധതികളെന്നോ, ഉയർന്ന വരുമാനം നല്‍കുന്ന പ്ലാറ്റ്ഫോമുകളെന്നോ തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ് രീതി.

തട്ടിപ്പുകാർ സാധാരണയായി ഒരു പ്രത്യേക രീതിയാണ് പിന്തുടരുന്നത്. സ്ക്രീൻഷോട്ടുകള്‍, സാക്ഷ്യപത്രങ്ങള്‍, അല്ലെങ്കില്‍ ചെറിയ തുക പിൻവലിക്കാനുള്ള അവസരങ്ങള്‍ എന്നിവ നല്‍കി അവർ തുടക്കത്തില്‍ വിശ്വാസം നേടിയെടുക്കുന്നു. തുടർന്ന് ലാഭം കാണിക്കാൻ പ്രൊഫഷണലെന്ന് തോന്നിപ്പിക്കുന്ന ആപ്പുകളോ വെബ്സൈറ്റുകളോ ഉപയോഗിക്കുന്നു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് കൂടുതല്‍ പണം നിക്ഷേപിക്കാൻ അവർ പിന്നീട് നിക്ഷേപകരെ പ്രേരിപ്പിക്കും.ഒരു വലിയ തുക ശേഖരിച്ചു കഴിഞ്ഞാല്‍, നിക്ഷേപം പിൻവലിക്കാൻ അനുവദിക്കാതെ അവർ അപ്രത്യക്ഷരാകും.

ഷെല്‍ കമ്ബനികള്‍, വ്യാജ ബാങ്ക് അക്കൗണ്ടുകള്‍, ക്രിപ്‌റ്റോകറൻസി വാലറ്റുകള്‍ എന്നിവ ഉപയോഗിച്ച്‌ തട്ടിപ്പുകാർ തങ്ങളുടെ വിവരങ്ങള്‍ മറച്ചുവെക്കും. ഡിജിറ്റല്‍ നിക്ഷേപ തട്ടിപ്പുകള്‍ കുത്തനെ വർദ്ധിച്ചതോടെ, ഇത്തരം ശൃംഖലകള്‍ തകർക്കാൻ കേന്ദ്ര-സംസ്ഥാന ഏജൻസികള്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.ആഭ്യന്തര മന്ത്രാലയം, I4C വഴി പ്രധാന നഗരങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ അടയാളപ്പെടുത്തുകയും സംസ്ഥാനതലത്തില്‍ നിരവധി റെയ്ഡുകള്‍ ഏകോപിപ്പിക്കുകയും ചെയ്തു.

അടുത്തിടെ നടന്ന ഒരു അഖിലേന്ത്യാ ഓപ്പറേഷനില്‍ വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷനുകള്‍, ജോലി തട്ടിപ്പുകള്‍, ക്രിപ്‌റ്റോ-നിക്ഷേപ തട്ടിപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.ഈ റെയ്ഡുകള്‍ ഇരകളെ വഞ്ചിക്കാൻ ഉപയോഗിച്ച ഡാറ്റാ സെർവറുകള്‍, മൊബൈല്‍ ഉപകരണങ്ങള്‍, ബാങ്ക് രേഖകള്‍ എന്നിവ വീണ്ടെടുക്കാൻ സഹായിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) ഈ തട്ടിപ്പുകളില്‍ നിന്നുള്ള പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പല കേസുകളിലും തട്ടിപ്പുകാർ ഷെല്‍ സ്ഥാപനങ്ങളും വിദേശ കൈമാറ്റങ്ങളും ഉള്‍പ്പെടുന്ന സങ്കീർണ്ണമായ മാർഗ്ഗങ്ങള്‍ ഉപയോഗിച്ചതായി ഇ.ഡി. കണ്ടെത്തി.

അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തതിലൂടെ ചില ഇരകള്‍ക്ക് ഭാഗികമായി പണം തിരികെ ലഭിച്ചു. റെഗുലേറ്റർമാരും മുന്നറിയിപ്പുകള്‍ ശക്തമാക്കിയിട്ടുണ്ട്. നിക്ഷേപ ഉപദേഷ്ടാക്കളോ പ്ലാറ്റ്‌ഫോമുകളോ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനും, സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ആപ്പുകള്‍ ഒഴിവാക്കാനും സാമ്ബത്തിക അധികാരികള്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പല സംസ്ഥാന പോലീസ് വകുപ്പുകളും ബോധവല്‍ക്കരണ കാമ്ബെയ്‌നുകള്‍ ആരംഭിക്കുകയും സംശയാസ്പദമായ നിക്ഷേപ ലിങ്കുകള്‍ ഉടനടി റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയ കാലത്തെ നിക്ഷേപ തട്ടിപ്പുകള്‍ പരമ്ബരാഗത തട്ടിപ്പുകളേക്കാള്‍ വളരെ മുന്നിലാണ്. വ്യാജ ആപ്പുകള്‍ ഇപ്പോള്‍ യഥാർത്ഥ പ്ലാറ്റ്‌ഫോമുകളോട് ഏറെക്കുറെ സാമ്യമുള്ളവയാണ്.എൻക്രിപ്റ്റഡ് മെസ്സേജിംഗ് ഗ്രൂപ്പുകള്‍ തട്ടിപ്പുകാർക്ക് കെട്ടിച്ചമച്ച “വിജയകഥകള്‍” ഉപയോഗിച്ച്‌ വിശ്വാസ്യത ഉണ്ടാക്കാൻ സഹായിക്കുന്നു. പല ഇരകളും ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ്.തട്ടിപ്പുകാർ ക്രിപ്‌റ്റോകറൻസി ചാനലുകളിലേക്കും മാറുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് അതിർത്തികള്‍ കടന്ന് പണം വേഗത്തില്‍ കൈമാറാൻ സഹായിക്കുന്നു. മാത്രമല്ല ഈ പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഇതോടെ കൂടുതല്‍ സങ്കീർണമാകുകും ചെയ്യുന്നുണ്ട്.

സുരക്ഷിതമായിരിക്കാൻ വിദഗ്ദ്ധരും അധികാരികളും ചില അവശ്യ മുൻകരുതലുകള്‍ ശുപാർശ ചെയ്യുന്നുണ്ട്.

പ്ലാറ്റ്‌ഫോമുകള്‍ പരിശോധിക്കുക: ഏതൊരു നിക്ഷേപ ആപ്പും സെബിയിലോ മറ്റ് റെഗുലേറ്റർമാരിലോ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക.

ഉറപ്പുള്ള വരുമാനങ്ങളെക്കുറിച്ച്‌ ജാഗ്രത പാലിക്കുക: നിയമപരമായ ഒരു നിക്ഷേപവും ഉറപ്പായ ലാഭം വാഗ്ദാനം ചെയ്യുന്നില്ല.

സമ്മർദ്ദ തന്ത്രങ്ങള്‍ ഒഴിവാക്കുക: തട്ടിപ്പുകാർ പലപ്പോഴും വേഗത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാൻ പ്രേരിപ്പിക്കും. ഇത് സാധാരണയായി നിയമപരമായ സ്ഥാപനങ്ങള്‍ ചെയ്യാത്ത കാര്യമാണ്.

സോഷ്യല്‍ മീഡിയ റഫറലുകള്‍ വിശ്വസിക്കരുത്: വാട്ട്‌സ്‌ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം അല്ലെങ്കില്‍ ഇൻസ്റ്റാഗ്രാം എന്നിവയില്‍ പങ്കിടുന്ന ലിങ്കുകള്‍ സംശയത്തോടെ കാണണം.

നേരത്തെ റിപ്പോർട്ട് ചെയ്യുക: സൈബർ ക്രൈം പോർട്ടലിലോ പ്രാദേശിക പോലീസിലോ വേഗത്തില്‍ റിപ്പോർട്ട് ചെയ്യുന്നത് പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെയധികം മെച്ചപ്പെടുത്തും.

ഇന്ത്യയുടെ ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്ഥ അതിവേഗം വളരുമ്ബോള്‍ നിക്ഷേപ അവസരങ്ങള്‍ വികസിക്കുന്നുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ അപകടസാധ്യതകളും വർദ്ധിക്കുന്നുണ്ട്. നിയമ നിർവ്വഹണ ഏജൻസികള്‍ അവരുടെ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുമ്ബോള്‍, കൂടുതല്‍ സങ്കീർണ്ണമാകുന്ന സാമ്ബത്തിക സാഹചര്യങ്ങളില്‍ പൗരന്മാർക്ക് ഏറ്റവും ശക്തമായ പ്രതിരോധം അവബോധവും ജാഗ്രതയുമാണെന്ന് വിദഗ്ദ്ധർ ഊന്നിപ്പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *