ഒരിക്കലും നിലയ്ക്കാത്ത ഡിമാൻഡ്; പോത്തു വളർത്തൽ ആദായകരമായ ബിസിനസോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ആദായകരവും ചെലവു കുറഞ്ഞതുമായ ഒരു സംരംഭമാണ് പോത്തുവളർത്തല്‍. ആവശ്യക്കാർ ഏറെ ഉണ്ടെങ്കിലും സംസ്ഥാനത്ത് പോത്തുകളുടെ ഉല്‍പാദനം വളരെക്കുറവാണ്.ഇതിനാല്‍ത്തന്നെ, മാംസാവശ്യത്തിനായി നമ്മള്‍ കൂടുതലായും ആശ്രയിക്കുന്നത് അന്യ സംസഥാനങ്ങളെയാണ്. ഇവിടെ നിന്ന് കൊണ്ടുവരുന്നതാകട്ടെ, ഗുണനിലവാരം ഉറപ്പിക്കാൻ സാധിക്കാത്ത പോത്തുകളെയാണ്.

കേരളത്തില്‍ മാംസം കഴിക്കുന്ന മിക്കവര്‍ക്കും പോത്തിറച്ചിയോട് താല്‍പര്യമുള്ളതിനാല്‍ പോത്തുവളർത്തലിനു സാധ്യതയേറെയാണ്. 4 – 6 മാസം പ്രായമുള്ള ഒരു പോത്തുകുട്ടിക്ക് ശരാശരി 60 – 80 കിലോ തൂക്കം വരും. ഇത്തരം പോത്തുകുട്ടികളെ 9,000 – 12,000 രൂപയ്ക്ക് വാങ്ങാനാവും. അവയെ ഒരു വർഷം വളർത്തി യാല്‍ 35,000 – 40,000 രൂപയ്ക്കു വില്‍ക്കാം.

പോത്തിറച്ചിയുടെ മെച്ചങ്ങള്‍

പോത്തിറച്ചിയില്‍ പ്രോട്ടീൻ അളവ് കൂടുതലാണ്. ലൈസിൻ എന്ന അമിനോ അമ്ലവുമുണ്ട്. നാരുകള്‍ വലുതും, കൊഴുപ്പ് താരതമ്യേന കുറവുമാണ്. പോത്തിറച്ചിയിലെ കൊഴുപ്പിന് വെള്ളനിറമാണ്. പോത്തുകുട്ടിയെ ശരിയായി പരിപാലിച്ചാല്‍ പ്രതിദിനം 700 – 1200 ഗ്രാം തൂക്കം കൂടും. ഈ രീതിയില്‍ 18 മാസം വരെ വളർത്തിയാല്‍ 250 – 300 കിലോ തൂക്കമെത്തും. ആ പ്രായത്തിലുള്ളതിന്റെ മാംസം മൃദുവും കൂടുതല്‍ രുചിയുള്ളതുമായിരിക്കും. ഒരു പോത്തിനെ മാംസാവശ്യത്തിന് കശാപ്പ് ചെയ്താല്‍ ശരീരഭാരത്തിന്റെ 50- 55 ശതമാനം ഇറച്ചി കിട്ടും. മാംസത്തിന്റെ രുചിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് അതിലെ ജലാംശം. പാലുല്‍പാദനപ്രായം കഴിഞ്ഞ എരുമയുടെയോ, പ്രായമേറിയ പോത്തിന്റെയോ മാംസത്തെ അപേക്ഷിച്ച്‌ ഇളം പോത്തുകളുടെ മാംസത്തില്‍ ജലാംശം കൂടുതലാണ്. പ്രായം കൂടുമ്ബോള്‍ മാംസത്തിലെ ജലാംശം കുറയുകയും, കൊഴുപ്പ് കൂടുകയും ചെയ്യും.

പ്രധാന ജനുസ്സുകള്‍

വ്യക്തമായി നിർവചിച്ച സ്വഭാവസവിശേഷതകളുള്ള ജനുസ്സുകളെകൂടാതെ, വലുപ്പത്തിലും, തൂക്കത്തിലും, ബാഹ്യലക്ഷണങ്ങളിലും വലിയ വ്യത്യാസമുള്ള തനി നാടൻ ജനുസ്സുകളുമുണ്ട്. മുറ, നീലി – രവി, ബാദാവരി, നാഗ്‌പുരി, സൂർത്തി, ജാഫർബാദി, മെഹസാന എന്നിവയാണ് പ്രധാന ജനുസ്സുകള്‍. ഇവയില്‍ മുറ, ജാഫർബാദി എന്നിവ വലുപ്പം കൂടിയവയും, മറ്റുള്ളവ ഇടത്തരം വലുപ്പമുള്ളവയുമാണ്. നാടൻ ഇനങ്ങളുടെ വർഗഗുണം വർധിപ്പിക്കുന്നതിനായി മുറ പോത്തുകളുടെ ബീജമാണ് പ്രതുല്‍പാദനത്തിന് കൂടുതലും ഉപയോഗിക്കുന്നത്.

തൊഴുത്തു നിർമാണം

ദിവസവും പകല്‍ 6 – 8 മണിക്കൂർ മേയാൻ വിടുകയും, രാത്രിയില്‍ തൊഴുത്തില്‍ പാർപ്പിക്കുകയും ചെയ്യുന്ന രീതിയാണ് നല്ലത്. കുറഞ്ഞ ചെലവില്‍ തൊഴുത്ത് നിർമിക്കാം, കിഴക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കുന്നതാണ് നല്ലത്. തറ ഭൂനിരപ്പില്‍നിന്ന് ഒരടിയെങ്കിലും ഉയർന്നിരിക്കണം. തൊഴുത്തിന് ഒരു മീറ്റർ ഉയരത്തില്‍ ഭിത്തി നിർമിക്കാം. അതിനു മുകളിലുള്ള ഭാഗം, തൊഴുത്തില്‍ വായുസഞ്ചാരം ലഭിക്കുന്ന രീതിയിലായിരിക്കണം. തൊഴുത്തിന്റെ മോന്തായത്തിന് 4.8 മീറ്ററും, വശങ്ങള്‍ക്ക് 3 മീറ്ററും ഉയരം വേണം. ഒരു പോത്തിന് 3.5 ചതുരശ്ര മീറ്റർ തോതില്‍ തൊഴുത്തില്‍ സ്ഥലം വേണം. മേല്‍ക്കൂരയ്ക്ക് ഓട്, ഓല, കോണ്‍ക്രീറ്റ് എന്നിവയേതെങ്കിലും ആകാം.

പരിപാലനവും തീറ്റക്രമവും

4 – 6 മാസം പ്രായമുള്ള പോത്തുകുട്ടികളെ വാങ്ങി വളർത്തുന്നവർ, വാങ്ങിയശേഷം വിരമരുന്ന് നല്‍കണം. ശരീരഭാരത്തിന് ആനുപാതികമാകണം വിരമരുന്നിന്റെ അളവ്. പിന്നീട് 9-ാം മാസവും, 12-ാം മാസവും വിരമരുന്ന് നല്‍കണം. ചെള്ള്, പേൻ തുടങ്ങിയ ബാഹ്യപരാദങ്ങള്‍ ദേഹത്തുണ്ടെങ്കില്‍, അവയെ നശിപ്പിക്കുന്നതിനു മരുന്ന് പുരട്ടണം. തീറ്റയ്ക്കായി മേയാൻ വിടുന്നതു കൂടാതെ, പ്രായത്തിനനുസരിച്ചു ദിവസവും (ഒന്ന് – ഒന്നര കിലോ വീതം) കന്നുകുട്ടിത്തീറ്റ കൂടി നല്‍കിയാല്‍ നല്ല വളർച്ചയുണ്ടാകും.

പ്രധാന രോഗങ്ങള്‍

ദഹനക്കേട്, വയറിളക്കം എന്നീ ദഹനപ്രശ്‍നങ്ങളും, കുളമ്ബുരോഗം, പേവിഷബാധ, മുടന്തൻപനി എന്നീ വൈറസ് രോഗങ്ങളും, കുരലടപ്പൻ എന്ന ബാക്ടീരിയല്‍ രോഗവും, പട്ടുണ്ണിപ്പനി (ബബീസിയോസിസ്), തൈലേറിയോസിസ്, അനാപ്ലാസ്മോസിസ് എന്നീ പ്രോട്ടോസോവാ രോഗങ്ങളും, ചില വിഷബാധകളും പോത്തുകള്‍ക്കുണ്ടാവാം.

തീറ്റക്രമത്തില്‍ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങളാണ് പലപ്പോഴും ദഹനക്കേടിനു കാരണം. കേടായ പച്ചക്കറികള്‍ തീറ്റയായി നല്‍കരുത്. അരിഭക്ഷണം, ചക്ക എന്നിവ മിതമായി നല്‍കാം. അധികമായാല്‍ ദഹനക്കേ ടുണ്ടാകും. തീറ്റക്രമത്തില്‍ പെട്ടെന്നുള്ള മാറ്റവും വിരകള്‍, സൂഷ്മാണുക്കളായ ബാക്ടീരിയ, വൈറസ്, കോക്സീഡിയ എന്നിവയുമാണ് വയറിളക്കത്തിനു കാരണമാകുന്നത്. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടികള്‍ ചത്തുപോകും. കുളമ്ബുരോഗ കാരണം വൈറസായതുകൊണ്ട്, രോഗം ബാധിച്ചതിനു ശേഷമുള്ള ചികിത്സ ഫലപ്രദമാകില്ല. കുളമ്ബുരോഗം നിയന്ത്രിക്കുന്നതിനുള്ള മാർഗം പ്രതിരോധ കുത്തിവയ്പാണ്. ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യമായി കുളമ്ബുരോഗ പ്രതിരോധ കുത്തിവയ്‌പ് മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാർ വീടുകളില്‍ വന്നു നല്‍കുന്നുണ്ട്. നാലു മാസത്തിനുമേല്‍ പ്രായമുള്ള എല്ലാ പോത്തുകുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്‌പു നല്‍കണം.

പേവിഷബാധയുള്ള നായ, പൂച്ച, കുറുക്കൻ, കീരി എന്നിവ കടിക്കുന്നതാണ് പേവിഷബാധയ്ക്കു കാരണം. കടി കിട്ടിയാലുടൻ, ഉറയിട്ട കൈകൊണ്ട് മുറിവ് വൃത്തിയായി സോപ്പിട്ട് കഴുകി, മുറിവില്‍ ആന്റി സെപ്റ്റിക് പുരട്ടണം. ഉടൻതന്നെ ആന്റിറാബിസ് വാക്സീൻ നല്‍കുകയും വേണം. കുത്തിവയ്‌പ്പെടുക്കുന്ന പോത്തിനെ, കുത്തിവയ്പ്പ് കാലയളവ് കഴിയുന്നതുവരെ മറ്റുള്ളവയില്‍നിന്നു മാറ്റിനിർത്തി നിരീക്ഷിക്കണം.

പ്രോട്ടോസോവ മൂലമുണ്ടാകുന്ന രോഗങ്ങളും കൃത്യസമയത്ത്ചികിത്സ നല്‍കിയാല്‍ പൂർണമായും ഭേദമാക്കാം. കുരലടപ്പൻ രോഗത്തിനും പ്രതിരോധ കുത്തിവയ്‌പ് ഫലപ്രദമാണ്. പൂപ്പല്‍ ബാധിച്ച തീറ്റ ഒരു കാരണവശാലും നല്‍കരുത്. കപ്പയില, റബറില, ആനത്തൊട്ടാവാടി, കൊങ്ങിണിച്ചെടി, കാഞ്ഞിരം, ചേര്, ചെടിച്ചേമ്ബ്, കല്ലുനെരന്ത എന്നിവയെല്ലാം വിഷച്ചെടികളാണ്. ഇതൊന്നും പോത്തുകളുടെ തീറ്റയില്‍പെടാതെ ശ്രദ്ധിക്കണം. ശരിയായ തയാറെടുപ്പുകളോടെ തുടങ്ങിയാല്‍ ആദായകരമാക്കാവുന്ന സംരംഭമാണിത‍്.

One thought on “ഒരിക്കലും നിലയ്ക്കാത്ത ഡിമാൻഡ്; പോത്തു വളർത്തൽ ആദായകരമായ ബിസിനസോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

Leave a Reply

Your email address will not be published. Required fields are marked *