2004ല്‍ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് അഭിനയിച്ച ‘ദി ടെർമിനല്‍’ പലരുടെയും പ്രിയപ്പെട്ട സിനിമയാണ്.വിക്ടർ നവോർസ്‌കി എന്ന വിനോദസഞ്ചാരി തന്റെ രാജ്യത്തെ ആഭ്യന്തരകലാപം മൂലം പാസ്‌പോർട്ട് അസാധുവാകുകയും രാഷ്ട്രീയ സാഹചര്യം പരിഹരിക്കപ്പെടുന്നതുവരെ വിമാനത്താവളത്തില്‍ താമസിക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.
എന്നാല്‍ പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ 18 വർഷം കുടുങ്ങിപ്പോയ ഇറാനിയൻ വംശജനായ മെഹ്‌റാൻ കരിമി നസേരിയുടെ യഥാർത്ഥ കഥയില്‍ നിന്നാണ് സിനിമ പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് എത്രപ്പേർക്കറിയാം.
1943ല്‍ ഇറാനില്‍ ജനിച്ച മെഹ്‌റാൻ കരിമി 1973ല്‍ യൂറോപ്പില്‍ പഠനത്തിനായി ഇറാൻ വിട്ടു. ബ്രസല്‍സ് സർവകലാശാലയില്‍ നിന്ന് തത്ത്വചിന്തയില്‍ ബിരുദം നേടിയ ശേഷം യുകെയിലേക്ക് പോയി. 1988ല്‍ അവിടെ രാഷ്ട്രീയ അഭയത്തിനായി അപേക്ഷിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തെ ഫ്രാൻസിലേക്ക് നാടുകടത്തി. 1988ല്‍ പാസ്‌പോർട്ടോ യാത്രാ രേഖകളോ ഇല്ലാതെ പാരീസില്‍ എത്തിയ മെഹ്‌റാൻ കരിമിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണർ ഒടുവില്‍ കരിമിക്ക് അഭയാർത്ഥി പദവി നല്‍കിയെങ്കിലും നിയമപരമായ രേഖകളുടെ അഭാവം കാരണം അദ്ദേഹത്തിന് ഒരു രാജ്യത്തും പ്രവേശിക്കാൻ കഴിഞ്ഞില്ല.
അതിജീവിക്കാൻ തന്റെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടുകയല്ലാതെ കരിമിക്ക് മറ്റ് മാർഗങ്ങളിലായിരുന്നു. വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ലോഞ്ചില്‍ ഒരു താല്‍ക്കാലിക വീട് നിർമിച്ച്, ബെഞ്ചുകളില്‍ ഉറങ്ങുകയും, ഭക്ഷണത്തിനും പണത്തിനുമായി വിമാനത്താവള ജീവനക്കാരുടെയും ദയയുള്ള യാത്രക്കാരുടെയും ഔദാര്യത്തെ ആശ്രയിക്കുകയും ചെയ്തു. വായന, എഴുത്ത്, പഠനം, തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളും പുസ്തകവും പ്രസിദ്ധീകരിച്ചുകൊണ്ട് മെഹ്‌റാൻ കരിമി തന്റെ ദിവസങ്ങള്‍ ചെലവഴിച്ചു. 18 വർഷം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നെങ്കിലും തന്റെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷ മെഹ്‌റാൻ കരിമി ഒരിക്കലും കൈവിട്ടില്ല. വിമാനത്താവളം വിട്ട് പുതുതായി ജീവിതം ആരംഭിക്കാൻ സഹായിക്കുന്ന നിയമപരമായ രേഖകള്‍ നേടുന്നതിനായി അദ്ദേഹം അഭിഭാഷകരുമായും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി അക്ഷീണം പ്രവർത്തിച്ചു. എന്നാല്‍ നിയമപരമായ തടസങ്ങള്‍ കാരണം അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെട്ടു.
ഒടുവില്‍, 2006ല്‍ മെഹ്‌റാൻ കരിമി വിമാനത്താവളം വിടാൻ അനുവാദം ലഭിച്ചു. ഫ്രാൻസില്‍ താല്‍ക്കാലിക താമസവും സാമ്ബത്തിക സഹായവും ലഭിച്ചു. എന്നാല്‍ 2022ല്‍ മരണത്തിന് തൊട്ടുമുമ്ബുള്ള ആഴ്ചകളില്‍ മെഹ്‌റാൻ കരിമി ചാള്‍സ് ഡി ഗള്ളിലുള്ള തന്റെ പഴയ താമസസ്ഥലമായ വിമാനത്താവളത്തിലേക്ക് തിരിച്ചുപോവുകയും അവിടെവെച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തു.
