2016 ഓൺലൈനായി ക്ലാസ്സെടുക്കാൻ ആരംഭിച്ച യൂട്യൂബ് ചാനലിൽ നിന്ന് 14150 കോടി രൂപയുടെ സാമ്രാജ്യത്തിലേക്കുള്ള വളർച്ച; സമ്പത്തിൽ ഷാരൂഖ് ഖാനെ മറികടന്ന അലാഖ് പാണ്ഡേ ആരെന്നറിയാമോ?

2016-ല്‍ ഓണ്‍ലൈനായി പഠിപ്പിക്കാൻ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ അലഖ് പാണ്ഡെ ഇന്ന് എത്തി നില്‍ക്കുന്നത് ഇന്ത്യയിലെ ഏറ്റവും ധനികരില്‍ ഒരാള്‍.എഡ്ടെക് യൂണികോണ്‍ കമ്ബനിയായ ഫിസിക്സ് വാലയുടെ സഹസ്ഥാപകനായ അലഖ് പാണ്ഡെയുടെ ആസ്തി കഴിഞ്ഞ ഒരു വർഷത്തിനിടെ 23% വർധിച്ച്‌ 14,150 കോടി രൂപയിലെത്തി. ഇതോടെ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ (12,490 കോടി രൂപ) മറികടന്ന് 2025-ലെ ഹുറുണ്‍ ഇന്ത്യ റിച്ച്‌ ലിസ്റ്റില്‍ ഇടംപിടിച്ചു.

1991-ല്‍ അലഹബാദിലെ പ്രയാഗ് രാജില്‍ ജനിച്ച അലഖ് പാണ്ഡെ വീട്ടിലെ മോശമായ സാമ്ബത്തിക പ്രതിസന്ധി കാരണം സ്കൂളില്‍ പഠിക്കുമ്ബോള്‍ തന്നെ ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷൻ എടുത്തിരുന്നു. തുടർന്ന് ഹാർകോർട്ട് ബട്ലർ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ തന്റെ മെക്കാനിക്കല്‍ എൻജിനീയറിങ് പഠനം കോളേജിലെ അധ്യാപന രീതി ഇഷ്ടപ്പെടാത്തത് കാരണം മൂന്നാം വർഷത്തില്‍ ഉപേക്ഷിച്ചു. പിന്നീട് 5000 രൂപയ്ക്ക് ട്യൂഷൻ സെന്ററില്‍ പഠിപ്പിച്ച്‌ തുടങ്ങി. പിന്നീട് സ്വന്തമായി ഫിസിക്സ് ക്ലാസുകള്‍ ആരംഭിച്ച്‌ തന്റെ അധ്യാപക ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ തുടങ്ങി. അങ്ങനെ നാട്ടിലും വിദ്യാർഥികള്‍ക്കിടയിലും ഫിസിക്സ് വാല എന്ന പേരില്‍ അറിയപ്പെടാൻ തുടങ്ങി.

അങ്ങനെ 2016 ല്‍ ആണ് താൻ പഠിപ്പിക്കുന്നത് കൂടുതല്‍ വിദ്യാർഥികളിലേക്ക് എത്തുവാൻ വേണ്ടി യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. താൻ കടന്ന് വന്ന വഴികള്‍ മറക്കാതിരിക്കാൻ യുട്യൂബ് ചാനലിനും ഫിസിക്സ് വാല എന്ന പേര് തന്നെ നല്‍കി. ഒരു ചെറിയ ഇരുട്ട്മുറിയില്‍ വൈറ്റ്ബോർഡിന് മുന്നില്‍ മൊബൈല്‍ ക്യാമറയുടെ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ ക്ലാസുകള്‍ ആരംഭിക്കാൻ തുടങ്ങി. 2017 അവസാനത്തോടെ ഓഫ് ലൈൻ ക്ലാസുകള്‍ അവസാനിപ്പിച്ച്‌ മുഴുവൻ സമയവും യുട്യൂബ് ക്ലാസുകളിലേക്ക് മാറി. 2018 ല്‍ ഇന്ത്യയില്‍ കോവിഡിന്റെ വരവും കൂടിയായതോടെ ദേശീയ തലത്തില്‍ ക്ലാസുകളുടെ പ്രശസ്തി വർധിച്ചു. അങ്ങനെ ഐഐടി-ജെഇഇ, നീറ്റ് തുടങ്ങിയ മത്സരപരീക്ഷകള്‍ക്കും ഫിസിക്സ് പഠിപ്പിക്കാനും വേണ്ടി ആരംഭിച്ച യൂട്യൂബ് ചാനല്‍ ഇന്ത്യയില്‍ വൻതോതില്‍ വിദ്യാർഥികള്‍ ഏറ്റെടുത്തു. പിന്നീട് 2022-ല്‍ യൂണികോണ്‍ സ്റ്റാറ്റസ് നേടി ഫിസിക്സ് വാല എന്ന കമ്ബനിയായി വളരുകയായിരുന്നു.

ഇന്ന് ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലൂടെ 10 മില്യണിലധികം ഡൗണ്‍ലോഡുകളുള്ള ആപ്പാണ് ഫിസിക്സ് വാല. വെസ്റ്റ്ബ്രിഡ്ജ്, ജിഎസ്വി, ലൈറ്റ്സ്പീഡ് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയോടെ കമ്ബനി ഓഫ് ലൈൻ ഹൈബ്രിഡ് ക്ലാസുകളിലേക്കും വ്യാപിച്ചതോടെ പെട്ടെന്ന് വളരാൻ തുടങ്ങി.

ഫിസിക്സ് വാലയുടെ സാമ്ബത്തിക വളർച്ചയും നഷ്ടക്കുറവും

കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ ഫിസിക്സ് വാലയുടെ അറ്റ നഷ്ടം 1,131 കോടി രൂപയില്‍ നിന്ന് 243 കോടി രൂപയായി (78% കുറവ്) ചുരുങ്ങി. അതേസമയം, വരുമാനം 1,940 കോടി രൂപയില്‍ നിന്ന് 2,886 കോടി രൂപയായി ഉയരുകയും ചെയ്തു. നഷ്ടത്തിലാണെങ്കിലും, കമ്ബനിയുടെ മൂല്യനിർണയം 2.8 ബില്യണ്‍ ഡോളറിലെത്തിയിരിക്കുന്നു.

ഷാരൂഖ് ഖാൻ: കോടീശ്വര ക്ലബ്ബിലെ പുതിയ അംഗം

അതേസമയം, ഷാരൂഖ് ഖാന്റെ ആസ്തി 71% വർധിച്ച്‌ 12,490 കോടി രൂപയിലെത്തി. ഭാര്യ ഗൗരി ഖാനുമൊത്തുള്ള റെഡ് ചില്ലീസ് എന്റർടെയിൻമെന്റാണ് പ്രധാന വരുമാന സ്രോതസ്. 2023 സാമ്ബത്തിക വർഷത്തില്‍ കമ്ബനി 85 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ജവാൻ’ ഇന്ത്യൻ ബോക്സോഫീസില്‍ 640.25 കോടി രൂപയും ലോകവ്യാപകമായി 1,160 കോടി രൂപയും വാരിക്കൂട്ടി. ഇതോടെ ഷാരൂഖ് ആദ്യമായി ഡോളർ ബില്യണയർ ക്ലബ്ബില്‍ (1.4 ബില്യണ്‍ ഡോളർ) ഇടംനേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *